National
മംഗളൂരു: കേരളത്തിനുപിന്നാലെ കർണാടകയിലും മഴക്കെടുതി രൂക്ഷമാകുന്നു. തീരദേശ ജില്ലകളിലും കുടകിലും പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പ്രധാന റോഡുകൾ മുങ്ങുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മഴ കനത്തതോടെ ദക്ഷിണ കന്നഡയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
കുന്ന് ഇടിഞ്ഞുവീണ് മൂന്നു മരണം
ശിവമോഗ ജില്ലയിലെ തീർഥഹള്ളി ഗാന്ധിനഗറിൽ ഇന്നലെ പുലർച്ചെ 2.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കെട്ടിടനിർമാണ തൊഴിലാളികളായ കൊപ്പൽ ഗംഗാവതി സ്വദേശി മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഷെഡ്ഡിലുണ്ടായിരുന്ന 25 തൊഴിലാളികളിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബൽത്തങ്ങാടി താലൂക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. മുൻഡാജെ - ധർമസ്ഥല റൂട്ടിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. നെരിയയിൽ സംരക്ഷണഭിത്തി തകർന്ന് വീടുകളിലേക്ക് വെള്ളം കയറി. മുൻഡാജെ, ഉജിരെ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. പുത്രബെയിലു, ലൈല എന്നിവിടങ്ങളിൽ തോടുകൾ കരകവിഞ്ഞതിനെത്തുടർന്ന് ബൽത്തങ്ങാടി - കില്ലൂര്‍ റോഡിൽ ഗതാഗതം മുടങ്ങി.
റെയിൽ ട്രാക്കിൽ കൂറ്റൻ പാറകൾ
മൈസൂരു റെയിൽവേ ഡിവിഷനിലെ യെദകുമാരി - ശിരിബാഗിലു സ്റ്റേഷനുകൾക്കിടയിലുള്ള ആരെബെട്ടയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് ബംഗളൂരുവിനെ മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
തുടർച്ചയായി പെയ്യുന്ന മഴ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകൾക്കുപുറമെ ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
District News
തൊടുപുഴ: ടൗണിനു സമീപം ആരവല്ലിക്കാവ് ജംഗ്ഷനില്‍ റോഡിലെ കുഴിയില്‍ വീണ മൊബൈല്‍ ഫോണ്‍ ഫയര്‍ഫോഴ്സ് വെള്ളം വറ്റിച്ച് കണ്ടെത്തി. ഇവിടെ അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരിയുടെ മൊബൈല്‍ ഫോണാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്.
വെങ്ങല്ലൂര്‍- ഊന്നുകല്‍ റൂട്ടില്‍ ആരവല്ലിക്കാവ് ജംഗ്ഷനില്‍ തകര്‍ന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിരുന്നു. ഇന്നലെയാണ് റോഡിലെ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് തെറിച്ചു വീണത്. അപകടത്തില്‍പ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം വറ്റിച്ച ശേഷമാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഒരു മൊബൈല്‍ ഫോണ്‍ പോലും കണ്ടെത്താനാകാത്തത്ര ആഴത്തിലും വ്യാപ്തിയിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴ ശക്തമായതോടെ കുഴികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതിനാല്‍ അപകടസാധ്യത ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള തിരക്കേറിയ പാതയായതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. സര്‍വീസ് ബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് റോഡ് ശാസ്ത്രീയമായി അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വീണ്ടും രൂക്ഷമായ വെള്ളക്കെട്ട്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു കോടി 88 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉയര്‍ത്തുകയും ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തെങ്കിലും സ്റ്റാന്‍ഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബസില്‍ കയറണമെങ്കില്‍ നീന്തി ചെല്ലണമെന്ന സ്ഥിതിയിലാണ് ബസ് സ്റ്റാന്‍ഡ് നിലവിലുള്ളത്. രാവിലെ പെയ്ത മഴയില്‍ മുട്ടൊപ്പം വെള്ളം കയറിയിരുന്നു.
തൊട്ടടുത്തുള്ള കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാം കാര്യക്ഷമമായി നടത്തി എന്നാണ് കോര്‍പ്പറേഷന്റെ വാദം.
അതേസമയം, മാര്‍ച്ചില്‍ ആയിരുന്നു നവീകരിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടന്നത്. മഴയത്ത് വിവേകാനന്ദ തോട് നിറഞ്ഞാല്‍ വെള്ളത്തില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇനി വെള്ളം കയറാത്ത വിധത്തിലായിരുന്നു നിര്‍മ്മാണം നടത്തിയത്.
ഇതിനായി പ്രതലം ഉയര്‍ത്തി, സ്റ്റാന്‍ഡ് പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാന്‍ ചുറ്റും കാനയും നിര്‍മ്മിച്ചിരുന്നു. വിവേകാനന്ദ തോട്ടില്‍ നിന്ന് മഴയില്‍ അഴുക്കും മാലിന്യവും സ്റ്റാന്‍ഡ് പരിസരത്തേക്കു കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നവീകരിച്ചിട്ടും ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയില്‍ തുടരുകയാണ്.
District News
എരുമേലി: മഴക്കാലം തുടങ്ങിയതോടെ മുക്കട - ചാരുവേലി റോഡിൽ പതിവ് വെള്ളക്കെട്ട് രൂക്ഷമായി. റോഡരികിലെ ഓടയിൽ നിറഞ്ഞ ഉറവ ജലം റോഡിലേക്ക് പടർന്ന് ഒഴുകി നിറയുകയാണ്. ഈ ഭാഗത്ത് റോഡ് ഉയർത്തി നിർമിച്ചിരുന്നെങ്കിൽ വെള്ളക്കെട്ട് ഒഴിയുമായിരുന്നു. റോഡിന്റെ നവീകരണം നടന്നപ്പോൾ ഇക്കാര്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ, പഴയ റോഡ് അതേപടി ടാർ ചെയ്തത് അല്ലാതെ ഉയർത്തി നിർമിച്ചില്ല.
നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ കാലാവധി കഴിഞ്ഞിരിക്കുകയാണ്. റോഡ് നിർമാണം നടത്തിയ കരാറുകാരൻ തന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയുടെ കാലപരിധി കഴിഞ്ഞതിനാൽ പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തണം. ഇത് മുൻനിർത്തി വെള്ളക്കെട്ട് പരിഹരിക്കാൻ മരാമത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നത് ബൈക്ക് യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
Kerala
കോഴിക്കോട്: മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്.
തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.
ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
District News
കൊച്ചി: കത്തുന്ന വെയിലിനും കൊടും വരള്‍ച്ചയ്ക്കും കാത്തുനിൽക്കാതെ, നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുണ്ടായിരുന്ന തമ്മനം കുടിവെള്ള സംഭരണിയുടെ ഒരു ഭാഗം തകര്‍ന്ന് മൂന്നു മാസമായിട്ടും കുടിവെള്ള വിതരണം പൂര്വസ്ഥിതിയിലാകാത്തതാണു കാരണമായി വാട്ടര്‍ അഥോറിറ്റി വിശദീകരിക്കുന്നത്.
പശ്ചിമ കൊച്ചിയിലാണ് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്. ജല അഥോറിറ്റിയുടെ പൈപ്പിലൂടെ വല്ലപ്പോഴും മാത്രം വരുന്ന വെള്ളത്തില്‍ ചെളിയും മാലിന്യവും കലര്‍ന്ന് മാരക രോഗ ഭീതിയിലാണ് ജനങ്ങളെന്ന ആശങ്ക പശ്ചിമകൊച്ചിയിലെ കൗണ്‍സിലര്‍മാർ പങ്കുവച്ചു.
തമ്മനം പമ്പ്ഹൗസില്‍ നിന്ന് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്ന മേഖലകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്. രണ്ട് ദിവസത്തിലൊരിക്കല്‍ കുറച്ച് സമയം മാത്രം പൈപ്പുവഴി വെള്ളം ലഭിക്കുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്ന് വൈറ്റില ഡിവിഷന് കൗണ്‍സിലര്‍ വി.പി. ചന്ദ്രന് പറഞ്ഞു. അതേസമയം ഒരു പുഴ അപ്പുറമുള്ള മരട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാണ്. ഇവിടെയൊരു പൈപ്പ് കണക്ഷന് നല്കി മരടില്‍ നിന്ന് താല്കാലികമായി നഗരത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചന്ദ്രന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.
പശ്ചിമകൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ.ജെ. ബേസില്‍ ആവശ്യത്തെ എതിര്‍ത്തു. പള്ളുരുത്തിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ വിഭാവനം ചെയ്ത മരട് കുടിവെള്ള പദ്ധതിയുടെ ഗുണം, വിഭാവനം ചെയ്ത നിലയില്‍ ലഭിക്കുന്നില്ലെന്നും വെള്ളം തിരിച്ചുവിട്ടാല്‍ പശ്ചിമകൊച്ചിയാകെ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നും ബേസില്‍ പറഞ്ഞു.
നഗരമേഖലയില്‍ ഇടപ്പള്ളി, മാമംഗലം, അഞ്ചുമന പ്രദേശങ്ങളിലും വടുതല ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. വടുതലയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി ഇവിടെ നിര്‍മിച്ച ജലസംഭരണിയില്‍ നിന്ന് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നല്‍കുന്നതും പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണെന്ന് ഡിവിഷന് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിനും പറഞ്ഞു.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയില്‍വെ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയത് റെയില്‍ ഗതാഗതത്തിന് നേരിയ തടസം സൃഷ്ടിച്ചു. റെയില്‍വെ ജീവനക്കാര്‍ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആരോപിക്കുന്നത്. ഓപ്പറേഷന് അനന്ത പുനരാംരംഭിക്കാന്‍ വേണ്ട നടപടി കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.